16.7.12

കാറ്റേ ...നീ...


കാറ്റ് കേള്‍ക്കുവാനും കാണുവാനും ഉള്ളതെന്ന പ്രിയങ്കയുടെ  സങ്കല്‍പ്പത്തെ ആകെ മാറ്റി മറിച്ചു കൊണ്ടാണ് ഇലപൊഴിച്ച മരങ്ങളുള്ള ഒരു മഞ്ഞു കാലത്തിന്റെ അവസാനത്തില്‍ മല മുകളിലെ ആ പട്ടണത്തില്‍ കാറ്റ് വീശി തുടങ്ങിയത്‌. ഉച്ച മയക്കത്തിന്റെ ആലസ്യത്തില്‍ വെറുതെ കിടക്കുമ്പോഴാണ് ഒരു വിമാനത്തിന്റെ ഇരമ്പല്‍ എന്നവണ്ണം  കാറ്റടിച്ചു തുടങ്ങിയത്. ജനല്‍ കര്‍ട്ടനുകള്‍ ചെറുതായി നീങ്ങി കിടന്നിരുന്ന വിടവിലൂടെ വെയില്‍ ഒരു വീതിയുള്ള ദണ്ഡ് പോലെ മുറിക്കുള്ളില്‍ സഞ്ചാരം നടത്തുന്നത് കൌതുകത്തോടെ നോക്കി കിടക്കുകയായിരുന്നു അവള്‍ അപ്പോള്‍. അതി ശൈത്യമുള്ള  ആ താഴ്വരയില്‍ വീടിന്‍റെ ജാലകങ്ങളും വാതായനങ്ങളും അടഞ്ഞു കിടന്നത് കൊണ്ട് അവള്‍ക്ക് പുറത്തെ അസാധാരണ  ശബ്ദം എന്തെന്നു ആദ്യം മനസ്സിലായില്ല.  ആകാംഷയോടെ  വരാന്തയില്‍ വന്നിട്ടും ശബ്ദത്തിന്റെ ഉറവിടം എന്തെന്നറിയാതെ പ്രിയങ്ക അവിടവിടെ നോക്കികൊണ്ടിരുന്നു.  

അവള്‍  ചുറ്റും കോട്ട തീര്‍ത്തു  ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന പര്‍വതത്തെ നോക്കി. അവക്ക്‌ മുകളില്‍ ഇനിയും ഉരുകി തീര്‍ന്നിട്ടില്ലാത്ത മഞ്ഞു പാളികളെ നോക്കി. അവളുടെ പരിഭ്രമം നിറഞ്ഞ നോട്ടം മനസ്സിലായി എന്നവണ്ണം വീടുകളിലെ പാര്‍ട്ട് ടൈം ജോലി കഴിഞ്ഞു റോഡിലൂടെ നടന്നു  പോകുന്ന അഷറബി ഉറക്കെ പറഞ്ഞു.

“മാഡം ജീ...തേജ് ഹവാ ആ രഹാ ഹെ.... ഷായദ്‌ തൂഫാന്‍ ഹോ ജായേഗാ.”

“ക്യാ.. അഷറബി....? യെ..ഹവാ ഹെ ക്യാ...? കുച്ച് നഹി ദിക്ക് രഹാഹെ..?”

അവള്‍ അമ്പരപ്പോടും സംശയത്തോടും ചോദിച്ചു.

അഷറബി നടന്നു കുറച്ചങ്ങു നീങ്ങിയതേ ഉള്ളു. വീണ്ടും ആ വലിയ ശബ്ദം കേട്ടു. അതോടെ അവള്‍ പല അടുക്കുകളിലെ കമ്പിളി വസ്ത്രങ്ങളിലും  വിറച്ചു. ചെവിക്കുള്ളിലേക്ക് തണുപ്പ് ചൂളം കുത്തി കയറുന്നു. പല്ലുകള്‍ കൂട്ടിയടിച്ചപ്പോള്‍ മുറിക്കുള്ളിലേക്ക് ഓടിപ്പോയി കമ്പിളി തൊപ്പിയും കയ്യുറയും ധരിച്ച് വീണ്ടും വരാന്തയില്‍ വന്നു നിന്നു.

കാറ്റിനെ അത്രയധികം സ്നേഹിച്ച അവള്‍ക്ക്‌ സഹിക്കാനാവാത്ത സങ്കടം സമ്മാനിച്ചു കൊണ്ടു  വന്‍ ഹുങ്കാരത്തോടെ വീണ്ടും അത് ആഞ്ഞടിച്ചു തുടങ്ങി. അനങ്ങാന്‍ ഒരു ഇലപോലും ഇല്ലാത്ത ഈ കാലത്ത് തന്നെ നിനക്കെന്തേ വരാന്‍ തോന്നി..? പ്രിയങ്ക പരിഭവത്തോടെ ആ ശബ്ദത്തോടു ചോദിച്ചു കൊണ്ടിരുന്നു. ഒന്നിനെ പോലും ചലിപ്പിക്കാതെ നീ ഇങ്ങനെ ശബ്ദമായി വന്നിട്ട് എന്ത് നേടാന്‍...? അവളുടെ ചോദ്യം ഗൌനിക്കാതെ കാറ്റ് വര്‍ധിച്ച ശക്തിയോടെ മലകള്‍ക്കിടെ അലറിക്കൊണ്ട് കയറി ഇറങ്ങി.



നാലു ബി. യിലെ പ്രിയങ്ക ജയചന്ദ്രന്‍റെ ഉത്തര കടലാസുമായി മാലതി ടീച്ചര്‍ ദേഷ്യത്തോടെ അവളെത്തന്നെ നോക്കുന്നത് അവള്‍ അറിയുന്നതേ  ഇല്ല. അടുത്തിരിക്കുന്ന മരിയ ഫിലിപ്പിന്റെ ഉത്തര കടലാസിലെ മാര്‍ക്ക് എത്രയെന്ന ആകാംഷയോടെ നോക്കുന്നതിനിടെ മാലതി ടീച്ചറുടെ ശബ്ദം ഉയര്‍ന്നു.

“പ്രിയങ്ക ജയചന്ദ്രന്‍ സ്റ്റാന്റ് അപ്പ്‌.”

പ്രിയങ്ക പരിഭ്രമത്തോടെ ടീച്ചറെ തന്നെ നോക്കിക്കൊണ്ട് എഴുന്നേറ്റു നിന്നു.

“വാട്ട്‌ ഈസ്‌ വിന്‍ഡ്‌..?”

“മൂവിംഗ് എയര്‍ ഈസ്‌ വിന്‍ഡ്‌.”

പ്രിയങ്ക വളരെ പെട്ടെന്ന് ഉത്തരവും കൊടുത്തു.

“ദേന്‍ സെ... വാട്ടീസ് ദ സ്പെല്ലിംഗ് ഓഫ് വിന്‍ഡ്‌..?”

ഡബ്ളിയു ഐ എന്‍ ഡി വിന്‍ഡ്‌.”

“എന്നിട്ട് നോക്ക് കുട്ടി... ഈ ഉത്തര പേപ്പറില്‍ എന്താ ഇത്..? ഡി ക്ക് പകരം ടി എഴുതിയാല്‍ എങ്ങനെ മാര്‍ക്ക് തരാനാകും..?”

“ഈ ഒരു മാര്‍ക്ക്‌ ഞാന്‍ കട്ട് ചെയ്യും. കഴിഞ്ഞ തവണ ഫുള്‍ മാര്‍ക്ക് മേടിച്ച നീ ഇപ്പ്രാവശ്യം എങ്ങനെ സ്കൂള്‍ ഫസ്റ്റാകും....? ഒരു സ്പെല്ലിങ്ങില്‍ പോകുന്നതാണ് ഫസ്റ്റ്റാങ്ക് എന്നൊക്കെ ഇനിയും അറിയില്ലേ..?”

പ്രിയങ്ക തലകുനിച്ചു കൊണ്ടു പിറു പിറുത്തു. “ഫസ്റ്റ് റാങ്ക് കിട്ടിയില്ലെങ്കില്‍ ഈ സ്റ്റാന്‍ഡില്‍ വെച്ചിരിക്കുന്ന വലിയ  ഭൂഗോളം ഉരുണ്ടു ടീച്ചറിന്റെ തലയില്‍ വീണു തല പതിഞ്ഞു പോകുമായിരിക്കും.”

ഒരു കാറ്റിങ്ങ് വന്നു മൂലയില്‍ ഇരിക്കുന്ന ഭൂഗോളത്തെ ഉരുട്ടി ടീച്ചറുടെ തലയില്‍ ഇട്ടാല്‍  മതിയായിരുന്നു. അപ്പോള്‍ ഈ വട്ട മുഖമൊരു സ്ട്രെയിറ്റ് ലയിനായി മാറിയേനെ. ടീച്ചറിന്റെ നെറ്റി വന്നു താടിയില്‍ മുട്ടും. അപ്പോള്‍ കണ്ണും മൂക്കും ചുണ്ടും എല്ലാം ചേര്‍ന്ന ഒരു നേര്‍ വര. പിന്നെ മാത്സ് ക്ലാസ്സില്‍ മുരളി സാര്‍ “സെ ആന്‍ എക്സാമ്പിള്‍ ഫോര്‍ സ്ട്രെയിട്ട് ലൈന്‍..?” എന്ന് ചോദിക്കുമ്പോള്‍ “മാലതി ടീച്ചറുടെ തല” എന്ന് ചാടി എഴുന്നേറ്റു നിന്ന് ഉത്തരം പറയാമായിരുന്നു. അവള്‍ അതോര്‍ത്തു പതുക്കെ ചിരിച്ചു. സാവധാനം തല ഉയര്‍ത്തി. ഇല്ല. ആ തല  സ്ട്രെയിട്ട് ലൈനായിട്ടില്ല. പോണി ടെയില്‍ കെട്ടിവെച്ചു അങ്ങനെ തന്നെ ഉണ്ട്. ഭൂഗോളവും അത് പോലെ തന്നെ സ്റ്റാന്‍ഡില്‍ തന്നെ ഇരിക്കുന്നു.

“ചിരിക്കുന്നോ നീ..?”

മാലതി മാലതി ടീച്ചറുടെ ശബ്ദം കുറച്ചു കൂടെ ഉച്ചത്തിലായി....”നാളെ പെരന്റ്സില്‍ ആരെയെങ്കിലും വിളിച്ചു കൊണ്ടു വന്നേക്കണം. എനിക്ക് കുറച്ചു പറയാനുണ്ട്. ഈ പ്രാവശ്യത്തെ സ്കൂള്‍ റാങ്ക് വേറെ ഏതെങ്കിലും ഡിവിഷന്‍ കാര് കൊണ്ടുപോയാലുണ്ടല്ലോ..?”

ടീച്ചറു വട്ടമുഖത്തെ ഉണ്ടക്കണ്ണുകള്‍ ചുവന്നു വന്നു.

“സിറ്റ് ഡൌണ്‍ ദേര്‍...”

ദേഷ്യത്തോടെ പേപ്പര്‍ മേശമേല്‍ വെച്ചു .ടീച്ചര്‍ അടുത്ത കുട്ടിയുടെ ഉത്തര കടലാസുമായി യുദ്ധത്തില്‍ ഏര്‍പ്പെടുവാന്‍ തുടങ്ങിയതോടെ. പ്രിയങ്ക ആശ്വാസത്തോടെ ഇരുന്നു.

കാറ്റ് അവളുടെ ചങ്ങാതിയായി തുടങ്ങിയത്‌ അവള്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു. അത് കൊണ്ടു തന്നെ പ്രിയപ്പെട്ട കൂട്ടുകാരന്‍റെ സ്പെല്ലിംഗ് തെറ്റിയത്തില്‍ അവള്‍ക്ക് ചെറിയൊരു സങ്കടം ഉണ്ടായിരുന്നു.

“ഞാന്‍ ടി എന്നെഴുതിയപ്പോള്‍ പെട്ടന്നങ്ങു വന്നു എന്റെ കയ്യില്‍ നിന്നും പേന തട്ടി താഴെ ഇടാന്‍ മേലാഞ്ഞോ നിനക്ക്...? അപ്പൊ എനിക്ക് കാര്യം മനസ്സിലായേനെ. തെറ്റെഴുതാന്‍ പോകുവാന്ന്.” പ്രിയങ്ക കാറ്റിനോട് കലമ്പി.

ഒന്നാം ക്ലാസ്സിലെ അവധിക്കാലത്ത് മുത്തച്ഛനോടൊപ്പം മുത്തശ്ശിയുടെ വീട്ടില്‍ പോകുവാന്‍ ഒരു കൊച്ചു തോണിയില്‍ കടത്ത് കടക്കുമ്പോഴാണ് കാറ്റ് അവളോടു ആദ്യമായി സൌഹൃദം കൂടാന്‍ വന്നത് .

“ഈ കാറ്റിന്റെ ഒരു ശല്യം എപ്പോ കടത്ത് കിട്ടിയാലും വീശാന്‍ തുടങ്ങും. അതും എതിരെ  ദിശയില്‍. മനുഷേന്റെ പതം വരും അക്കരെ എത്തുമ്പോ...” ശക്തിയില്‍ വള്ളം ഊന്നുന്നതിനിടെ വഞ്ചിക്കാരന്‍ ആരോടെന്നില്ലാതെ പിറുപിറുത്തു

അവള്‍ അത് ശ്രദ്ധിക്കാതെ വഞ്ചിക്ക് ചുറ്റും എങ്ങോട്ടോ ധൃതിയില്‍ നീങ്ങുന്ന തിരകളെ നോക്കിയിരുന്നു.

തോണിക്കാരന്‍ വിയര്‍ത്തൊലിച്ച് തോണി കടവത്ത് എത്തിക്കുമ്പോള്‍ കാറ്റും തീര്‍ന്നിരുന്നു.

“കണ്ടോ.....തീര്‍ന്നു...ഇതാ ഇവിടത്തെ ഏര്‍പ്പാട്. എപ്പോ വഞ്ചി ഊന്നാന്‍ തൊടങ്ങുമ്പോഴും അങ്ങ് വന്നോളും.”

കരിപോലെ തിളങ്ങുന്ന ദേഹത്ത്‌ ഉരുണ്ടു കൂടിയ വിയര്‍പ്പ് മണികളെ തുടച്ചു കൊണ്ടു കൂലി വാങ്ങി മടിക്കുത്തില്‍ വെക്കുന്നതിനിറെ അയാള്‍ പറഞ്ഞു കൊണ്ടിരുന്നു.

“തോണി യാത്ര ഇഷ്ടായോ..മോള്‍ക്ക്‌..?” അവളുടെ കൈ പിടിച്ചു നടക്കുന്നതിനിടെ മുത്തച്ഛന്‍ ചോദിച്ചു.

“എനിക്ക് കാറ്റാ ഇഷ്ടം.” എന്ന് പറഞ്ഞു കൊണ്ടു അവള്‍ പുഴയെ തിരിഞ്ഞു നോക്കി. പുഴക്കരയിലെ പേരറിയാത്ത മരത്തിലെ ഇലകള്‍ അപ്പോള്‍ ഇളകാന്‍ തുടങ്ങിയിരുന്നു. കുറെ മഞ്ഞ ഇലകളും താഴെ വീഴുന്നുണ്ട്. കാറ്റ് അവിടെ തന്നെ ചുറ്റി പറ്റി നില്‍ക്കയാണോ..? അതോ അവള്‍ക്കൊപ്പം കൂടെ വരുന്നുണ്ടോ..?

അന്ന് തൊട്ടു കാറ്റ് അവള്‍ക്കൊപ്പം കൂട്ടുകൂടി. “ആ പഴുത്ത മാങ്ങാ അണ്ണാന്‍ കൊണ്ടു പോകുന്നതിനു മുന്‍പ് പറിച്ചു താ ചേട്ടാ..എന്ന് ചേട്ടനോട് കെഞ്ചിയ ഒരു മാമ്പഴക്കാലത്ത് കാറ്റ് അവളുടെ ചെവിയില്‍ വന്നു പറഞ്ഞു.

“ഓടി പോയി മാഞ്ചുവട്ടില്‍ നോക്കൂ..എത്രയെണ്ണം താഴെ കിടപ്പുണ്ടെന്ന്...?”

നിറയെ ചുവന്ന റോസാപ്പൂക്കളുടെ ചിത്രങ്ങളുള്ള കുഞ്ഞു ഫ്രോക്ക് വിടര്‍ത്തി പിടിച്ച് അതിനുള്ളില്‍ മാമ്പഴം നിറക്കുമ്പോള്‍ അവള്‍ കാറ്റിനോട് ചോദിച്ചു.

“നിനക്ക് വേണോ...ഒരെണ്ണം..?”

കാറ്റ് മറുപടി പറയാതെ അവളുടെ കവിളില്‍ മൃദുവായി തലോടിയ ശേഷം ചിറകുകള്‍ പറത്തി ദൂരേക്ക്‌ പോയി. അപ്പോഴും അവള്‍ക്കായി  രണ്ടു മൂന്നു മാങ്ങകള്‍ കൂടെ താഴെ വീണു.

അന്ന് വൈകുന്നേരം കിണറ്റില്‍ കരയില്‍ അമ്മ മേല്‍ കഴുകിക്കുമ്പോഴാണ് വിടര്‍ന്നു നില്‍ക്കുന്ന കുട മുല്ലകള്‍ അവള്‍ കണ്ടത്.

ഓടിച്ചെന്നു പൂ പറിക്കാന്‍ ആഞ്ഞപ്പോള്‍ കാറ്റ്‌ അവളോടു ചോദിച്ചു.

“എന്തിനാ നിനക്കീ പൂക്കള്‍..?”

“ഞാന്‍  ഉറങ്ങുന്ന മുറീ വെക്കാന്‍. നല്ല മണായിരിക്കും മുറി നെറയെ.”

അവള്‍ ഉല്‍സാഹത്തോടെ പറഞ്ഞു.

“എങ്കില്‍  ആ പാവം പൂവിനെ വെറുതെ നുള്ളി വേദനിപ്പിക്കണ്ട. അതവിടെ നിന്നോട്ടെ. നിനക്ക് സുഗന്ധം പോരെ. ഇന്ന് രാത്രി ഞാന്‍ ആ സുഗന്ധം തരാം. മതിയോ ..?”

അന്ന് രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുറിയിലാകെ മുല്ലപ്പൂ സുഗന്ധം.

“എന്ത് നല്ല വാസന...മുല്ലപ്പൂ വിരിഞ്ഞോ..? "അച്ഛന്റെ ചോദ്യം.

“ആ..കിണറ്റില്‍ കരേലെ കുടമുല്ല പൂത്തിട്ടുണ്ട്. അതാ..”

അമ്മയുടെ മറുപടി.

ജനല്‍ കര്‍ട്ടനുകളില്‍ തിരകള്‍ സൃഷ്ടിച്ചു കൊണ്ടു മുറിക്കുള്ളിലേക്ക് കയറിയ കാറ്റ് അവളെ നോക്കി കണ്ണിറുക്കി  “മതിയോ...?” എന്ന് ചോദിച്ചു.

“ഉം....മതി....ഇങ്ങനെ മതി...”അവള്‍ മറുപടി പറഞ്ഞു.

“ഈ കുട്ടിയെന്താ സംസാരിക്കുന്നത്..?”

ശബ്ദം കേട്ട അച്ഛന്‍ അവള്‍ കിടക്കുന്നിടത്തു വന്നു  നോക്കി. അവള്‍ ഒന്നും അറിയാത്തവളെ പോലെ ഉറക്കം നടിച്ചു കിടന്നു.

“ഉറക്കത്തിലാണെന്ന് തോന്നുന്നു.” പുതപ്പ് നേരെ ഇട്ട അച്ഛന്‍ തിരികെ പോയി

ഏതൊരു പെണ്‍കുട്ടിയെ പോലെയും മുതിര്‍ന്നു  കഴിഞ്ഞപ്പോള്‍ അവള്‍ക്ക് കളി കൂട്ടുകാരനായ കാറ്റിനോടുള്ള ഇഷ്ടം പ്രണയമായി മാറി.

അതുകൊണ്ടു തന്നെ “പ്രവീണിന്‍റെ കണ്ണുകളില്‍ കാറ്റ് ഉണ്ട്” എന്നവള്‍ പറയുമ്പോള്‍ കൂട്ടുകാരികള്‍ പരസ്പരം നോക്കി അടക്കി ചിരിച്ചു.

“ഇവള്‍ക്ക് നല്ല കിറുക്ക് തന്നെ. ഇതെന്തു കണ്ടിട്ടാ അവളാ കോന്തന്‍ ചെക്കന്റെ പിന്നാലെ...? ഇവള്‍ അവന്റെ എത്രാമാത്തെയാണെന്ന്  അവനു പോലും അറിയില്ലായിരിക്കും. ഒളിച്ചോടി പോകും എന്നാ പറയുന്നേ..” അവര്‍ മൂക്കത്ത് വിരല്‍ വെച്ചു.

ഒടുവില്‍ ഒരു നാളില്‍ പ്രവീണിന്‍റെ കാറ്റടങ്ങിയ നിശ്ചലമായ കണ്ണുകളില്‍ നോക്കി

“ചതിയന്‍..”എന്നാക്രോശിച്ചു എന്നെന്നേക്കുമായി പിരിയുമ്പോഴും അവള്‍ ആശ്വാസത്തിനായി ചുറ്റും എവിടെയെങ്കിലും കാറ്റാടിക്കുന്നുണ്ടോ എന്ന് പരതി.

പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞു മനോജിന്റെ ഭാര്യയായി ജീവിച്ചു തുടങ്ങിയപ്പോഴും അവള്‍ അയാളോട് കാറ്റിനെ കുറിച്ചു വാചാലയായി.


നാലാം ക്ലാസിലെ മാലതി ടീച്ചറുടെ തല നേര്‍ രേഖയാക്കുവാന്‍ കാറ്റിനോട് പറഞ്ഞതെല്ലാം അയാളോട് പറഞ്ഞപ്പോള്‍  അവള്‍ക്കൊപ്പം അയാള്‍  ഉറക്കെ ചിരിച്ചു. അപ്പോള്‍ അയാളുടെ കണ്ണുകളിലെ കാറ്റോട്ടം കണ്ടു അവള്‍ അയാളുടെ തോളില്‍ തല ചായ്ച്ചു.


 “മനോജ്‌.... എന്റെ പ്രിയപ്പെട്ട കാറ്റ്  ഇപ്പോള്‍ നിങ്ങളുടെ കണ്ണുകളില്‍ ഉണ്ട്.എനിക്കത് കാണാം.” എന്ന് പറഞ്ഞു കൊണ്ടവള്‍ അയാളെ ചുംബിച്ചു.

പിന്നീട് കാലം മുന്നോട്ടു നീങ്ങവേ മനോജിന്‍റെ കാറ്റോട്ടം നിലച്ച കണ്ണുകള്‍ അവളെ വീണ്ടും കാറ്റിന്റെ അന്വേഷകയാക്കി. ഇടക്ക് അവളെ കാണുവാന്‍ കാറ്റ് എത്തിയെങ്കിലും അത് തിച്ചറിയുവാനുള്ള ത്രാണി ഇല്ലാത്ത ഒരവസ്ഥയിലേക്ക് എപ്പോഴോ അവള്‍ എത്തപ്പെട്ടു കഴിഞ്ഞിരുന്നു.


ഇന്നിപ്പോള്‍ ഇതാ അവളുടെ പ്രിയ ചങ്ങാതി അവളെ തേടി വന്നിരിക്കുന്നു. ആ വരവ് അവള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ശബ്ദം  മാത്രം കൊണ്ടു വന്നു ആദ്യം പരിഭവിച്ചു എങ്കിലും എങ്കിലും കാലങ്ങള്‍ക്ക്‌ ശേഷം കണ്ട ആ കൂട്ടുകാരനോട് അവള്‍ക്ക് എന്തെന്നില്ലാത്ത സ്നേഹം തോന്നി. എത്രയോ കാലങ്ങളായി ഉറഞ്ഞു പോയ ആ വികാരം തിരിച്ചു തന്ന കാറ്റിനോടവള്‍ നന്ദി പറഞ്ഞു. ഓഫീസ്‌ വിട്ടു വരുന്ന മനോജിനെ നാളുകള്‍ക്കു ശേഷം അവള്‍ കാത്തിരുന്നു. കാറ്റിനെ പറ്റി അയാളോട് സംസാരിക്കാന്‍ അവള്‍ വെമ്പല്‍ കൊണ്ടു.

 വൈകിട്ട് ഓഫീസ്‌ കഴിഞ്ഞു വരുന്ന മനോജിന്റെ കാറിന്റെ ശബ്ദം കേട്ട് ഉത്സാഹത്തോടെ ഓടി വന്നു ഗെയിറ്റ് തുറക്കുന്ന പ്രിയങ്കയെ അയാള്‍ അത്ഭുതത്തോടെ നോക്കി. ഉത്സാഹത്തോടെ അടുക്കളയില്‍ അവള്‍ ചായ എടുക്കുന്നു!!!! നാളുകള്‍ക്ക് ശേഷം ഒരു കൊച്ചു കുട്ടിയുടെ പ്രസരിപ്പില്‍ ഓടി നടക്കുന്നു!!!! ചോദ്യ ഭാവത്തില്‍ നോക്കിയ അയാളോട് അവള്‍ കാറ്റിനെകുറിച്ചു സംസാരിച്ചു തുടങ്ങി. ചലനമില്ലാത്ത ശബ്ദം മാത്രമായി വന്ന അതിന്റെ ഹുങ്കാരത്തെപ്പറ്റി പറഞ്ഞു. ചലനമില്ലാതെ വന്നപ്പോള്‍ ആദ്യം തോന്നിയ സങ്കടത്തെക്കുറിച്ചു പറഞ്ഞു. ഒന്നിനെയും ചലിപ്പിച്ചില്ലെങ്കിലും അതിന്‍റെ കുളിരില്‍  സന്തോഷം തോന്നിയത് പറഞ്ഞു. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്തപോലെ അവള്‍ പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടിരുന്നു.

മനോജിന്റെ കണ്ണുകളിലെ പഴയ കാറ്റോട്ടം പ്രതീക്ഷിച്ചു നിന്ന പ്രിയങ്കയെ അയാള്‍ പുച്ഛത്തോടെ നോക്കി.

“എന്താ നിന്‍റെ ഉദ്ദേശം..? തുടങ്ങിയോ പഴയ സൂക്കേട്..? എത്ര നാള്‌ ചികില്സിച്ചിട്ടാ ഒന്ന് നേരെ ആയതെന്ന് മറന്നോ..? എന്റെ എത്ര വര്‍ഷത്തെ ജീവിതമാണ് നീ സൈക്കോളജിസ്റ്റിന്റെ മുറിയില്‍ പാഴാക്കി കളഞ്ഞത്. മനോജിന്‍റെ ഭാര്യ നോര്‍മല്‍ അല്ല എന്ന് ഇനിയും ആളുകളെ ക്കൊണ്ട് പറയിപ്പിച്ച് എന്നെ നാണം കെടുത്തും നീ...മേലില്‍ ഇതും പറഞ്ഞു കൊണ്ടെന്‍റെ മുന്നില്‍ വന്നേക്കരുത്.”

വിഷാദ രോഗി എന്ന പേരിട്ട് ഡോക്ടറുടെ മുറിയില്‍ കയറി ഇറങ്ങിയ വര്‍ഷങ്ങള്‍ ഒരൊറ്റ നിമിഷം കൊണ്ടു വലിയൊരു ലാവാ പ്രാവഹമായി അവളിലേക്ക് പ്രവഹിച്ചു. അതിന്റെ ചൂടില്‍  അതിശൈത്യത്തിന്റെ ആ താഴ്വരയിലും താന്‍ ആ ലാവക്കൊപ്പം ഉരുകി ഒഴുകുന്നത് അവള്‍ അറിഞ്ഞു.  കൊടും ചൂടില്‍ ഉരുകി തീരും എന്ന് ഭയന്ന അവള്‍ തന്‍റെ രക്ഷകനെ തേടി  വരാന്തയിലേക്ക്‌ പാഞ്ഞു. അവനെ  കാതോര്‍ത്തു. ഒരിക്കലും ചതിക്കാത്ത കാറ്റ് മഞ്ഞു മലകള്‍ക്കിടെ ചുറ്റിക്കറങ്ങി അവളെ തേടി എത്തി... അവള്‍ക്കു ചുറ്റും  കുളിരിന്റെ കോട്ടയുണ്ടാക്കി, അവളെ തണുപ്പിച്ചു തുടങ്ങി.

""പോകണ്ടേ നമുക്ക്  ....?"  ഹുങ്കാരത്തിനിടെ കാറ്റ് അവളുടെ ചെവിയില്‍ ചോദിച്ചു.
"വേണം. ഞാന്‍  വരുന്നു.  എന്നെ ഇവിടെ നിന്ന് രക്ഷപ്പെടുത്തൂ ..."  കാറ്റിന്റെ തണുത്ത ചിറകിലേറുന്നതിനിടെ അവള്‍ ഉല്സാഹത്തോടെ പറഞ്ഞു.

“നിന്നെ ഞാന്‍ സ്നേഹത്തിന്റെ പൂക്കള്‍ വിരിയുന്ന താഴ്വരയില്‍  കൊണ്ടു പോകാം. സന്തോഷത്തിന്റെ മഞ്ഞു പാളികള്‍ ഉരുകാത്ത മലമുകളിലേക്കും.” കാറ്റ് അവളോടു പറഞ്ഞു കൊണ്ടിരുന്നു.

“പ്രിയങ്ക  നീ ആരോടാണ് സംസാരിക്കുനത്...? ഇപ്പൊ തനിച്ചു സംസാരവുംതുടങ്ങിയോ...? പുറത്തു നല്ല തണുപ്പാണെന്ന ഓര്‍മ്മ വേണം. വീണ്ടും എനിക്ക് ജോലിയുണ്ടാക്കരുത് നീ...”

മുറിക്കുള്ളില്‍ നിന്നും കേട്ട മനോജിന്റെ ദേഷ്യം നിറഞ്ഞ ശബ്ദം കാറ്റിന്റെ ഇരമ്പലില്‍ അലിഞ്ഞു പോയി.