29.6.16

നനുത്ത പഞ്ഞിത്തുണ്ടുകളായ് കുളിരോര്‍മ്മകള്‍ (ഭാഗം-1)

കഴിഞ്ഞ ദിവസം കാശ്മീരിലെ കിസ്തവാഡിലുള്ള കൂട്ടുകാരി സാക്ഷി ചാരക് വിളിച്ചിരുന്നു. ഈ വര്ഷം ഡിസംബര്‍ ആദ്യവാരം തുടങ്ങിയ മഞ്ഞു വീഴ്ച മാര്‍ച്ചായിട്ടും കുറഞ്ഞിട്ടില്ലത്രേ. “ഹൌ...ഇത്തനീ ഠംണ്ട് ഭാഭിജീ.. ഹീറ്ററിനടുത്തു നിന്ന് മാറുവാന്‍ പറ്റുന്നില്ല.” അവളുടെ ശബ്ദത്തില്‍ കാശ്മീരിന്റെ കുളിര് കിടുകിടുത്തു.

മൂന്നു വര്‍ഷത്തെ എന്റെ കുളിരോര്‍മ്മകള്‍ ഒരിക്കല്‍ കൂടി നനുനനുത്ത പഞ്ഞി തുണ്ടുകളായി മനസ്സിലേക്ക് പാറി വീണു. തണുത്തു മരവിച്ച ഒരു ഡിസംബര്‍ മാസത്തില്‍ മൂന്നു ദിവസം തുടര്‍ച്ചയായി പെയ്ത മഴ, ഒടുവില്‍ മഞ്ഞിന്‍ കണങ്ങളായി പതിച്ചിട്ടും അത് മഞ്ഞാണെന്നു മനസ്സിലാക്കാതെ ഇത്രയും വലിയ മഴത്തുള്ളികളോ എന്ന് അത്ഭുതം കൂറിയ എന്റെ ആദ്യത്തെ മഞ്ഞനുഭവം!!!! അത് മഴയല്ല മഞ്ഞാണെന്നു തിരിച്ചറിഞ്ഞ നിമിഷം ഒരു തൊപ്പി പോലും വെക്കാതെ പുറത്തേക്ക് ഓടിയിറങ്ങി മഞ്ഞു കണങ്ങള്‍ തട്ടിത്തെറിപ്പിച്ച് ആവേശഭരിതയായത്.... തണുപ്പില്‍ കൊട്ടിയടച്ച ജനാലയുടെ വിരികള്‍ മാറ്റി, കനത്തില്‍ പഞ്ഞി നിറച്ച ‘രാജായി’ എന്ന പുതപ്പിനടിയില്‍ നിന്നും തലപൊക്കി നിര്‍ത്താതെ പതിച്ചു കൊണ്ടിരുന്ന മഞ്ഞു കണങ്ങളെ നോക്കി ഉറങ്ങാതെ കിടന്ന ആ രാത്രി.. പിറ്റേന്ന് രാവിലെ കണ്ടത് അത്രയും നാള്‍ ഞാന്‍ കണ്ട സ്ഥലമാണെന്ന് വിശ്വസിക്കാനേ ആയില്ല. മുറ്റമാകെ കനത്തില്‍ മഞ്ഞു വീണു കിടക്കുന്നു. എന്റെ ചെടികളെല്ലാം മഞ്ഞിനടിയില്‍. വീടിനു പുറകിലെ അടുക്കള തോട്ടത്തിലെ ക്യാരറ്റും ബീന്‍സും ശല്‍ഗവും ഒന്നും കാണാനേ ഇല്ല. എല്ലായിടവും വെളുപ്പ്‌... വെളുപ്പ്‌ മാത്രം. ക്വാര്‍ട്ടെഴ്സിന്റെ ചെരിഞ്ഞ മേല്‍ക്കൂര, ഇല പൊഴിച്ചു നിന്നിരുന്ന മരകൊമ്പുകള്‍, മുറ്റത്ത് തുണി വിരിച്ചിടാന്‍ കെട്ടിയിരുന്ന അയ, ഇലക്ട്രിക്ക് കമ്പികള്‍ എല്ലാം മഞ്ഞില്‍ പൊതിഞ്ഞിരിക്കുന്നു. സൂര്യ കിരണങ്ങള്‍ മഞ്ഞില്‍ തട്ടി പ്രതിഫലിച്ച് പകലിന് ഇരട്ടി വെളിച്ചം. ആ സുന്ദര കാഴ്ച കണ്ടു നില്‍ക്കെ എന്റെ പല്ലുകള്‍ കൂട്ടിയടിച്ചു. മുഖവും ചെവിയും ഐസ് പോലെ മരവിച്ചിരിക്കുന്നു. കമ്പിളി ഉടുപ്പുകള്‍ മേലെ മേലെ ധരിച്ചിട്ടും തണുപ്പില്‍ പിടിച്ചു നില്‍ക്കാനാവുന്നില്ല. തണുത്തു വിറച്ചു നിന്ന എന്നെ കണ്ടിട്ട് അയല്‍ വീട്ടിലെ ബാല്‍ക്കണിയില്‍ നിന്നിരുന്ന സാക്ഷി ഒരു കപ്പു ചൂടു ഖാവ കൊണ്ടു തന്നു.
“പീജിയെ ഭാഭീജീ.... ആദ്യത്തെ മഞ്ഞല്ലേ അധിക നേരം വെളിയില്‍ നിലക്കെണ്ട...”
“എന്തൊരു തണുപ്പ്...” എന്ന് പിറുപിറുത്തുകൊണ്ട് ഷൂസിട്ട കാലുകള്‍ മഞ്ഞിലൂടെ ഉയത്തിച്ചവിട്ടി അവള്‍ തിരിച്ചോടിപ്പോയി. ഖാവ ഊതിക്കുടിച്ച്, അതിന്റെ സുഗന്ധം ആസ്വദിച്ച് വീടിനുള്ളില്‍ കയറാതെ ഞാനവിടെത്തന്നെ നിന്നു.


ഏതാനും മാസങ്ങള്‍ക്ക് മുമ്പ്‌ ആ സ്വര്‍ഗ്ഗ ഭൂമിയിലേക്കുള്ള ഭര്‍ത്താവിന്റെ സ്ഥലം മാറ്റം ഞാന്‍ അങ്ങേയറ്റം നിരാശയോടും ആധിയോടും കൂടെയാണല്ലോ കണ്ടത് എന്നോര്‍ത്തപ്പോള്‍ ഒരു പുഞ്ചിരിയാണ് മനസ്സില്‍ വന്നത്.
 (മലകൾക്കിടയിൽ ഞെങ്ങിയൊഴുകുന്ന ഛനാബ് എന്ന സുന്ദരി )

കിസ്തവാഡിലേക്കുള്ള എന്റെ ആദ്യ യാത്ര. ജമ്മുവില്‍ നിന്നും എട്ടുമണിക്കൂര്‍ റോഡുമാര്‍ഗം ഹിമാലയത്തിലെ പീര്‍ പഞ്ചാല്‍ മലനിരകളുടെ ഉയരങ്ങളിലേക്ക്. ഹെയര്‍ പിന്‍ വളവുകള്‍ക്ക് പിന്നാലെ ഹെയര്‍ പിന്‍ വളവുകള്‍. ഒരു വശത്ത് ആകാശം ഭേദിച്ച് നില്‍ക്കുന്ന മല... മറു വശത്ത് പേടിപ്പെടുത്തുന്ന ആഗാധ ഗര്‍ധം. ചിലയിടങ്ങളില്‍ മലയിടിഞ്ഞു കിടക്കുന്നതു കൊണ്ടു വഴി കാണാനേ ഇല്ല. ഉയരം കൂടുന്നതനുസരിച്ച് കൂടി വരുന്ന തണുപ്പും. വളവുകള്‍ താണ്ടി ഉയരത്തിലേക്കുള്ള കയറ്റം താങ്ങാനാകാതെ എന്റെ ശരീരം തളര്‍ന്നു. അത് തല കറക്കത്തിലേക്കും കഠിനമായ ചര്‍ദ്ദിയിലേക്കും മാറി. പന്തീരായിരം അടി ഉയരത്തിലുള്ള പട്നി ടോപ്പ്‌ എന്ന സുഖവാസ സ്ഥലത്തെത്തിയപ്പോള്‍ എന്റെ കുടല്‍ വായില്‍ വന്നു ചര്‍ദിക്കും എന്ന് തോന്നി.. പട്നി ടോപ്പിലെ മല നിരകളില്‍ ഉടനീളം ദേവദാരു വൃക്ഷങ്ങളും പൈന്‍ മരങ്ങളും. അവയ്ക്കിടയില്‍ പുല്‍മേടുകളുടെ മെത്ത. പിന്നീട് ആ ഉയരത്തില്‍ നിന്നും കുത്തനെ ഇറക്കം. പാതി വഴിയില്‍ യാത്രക്ക് കൂട്ടായി ചെനാബ് നദി. ഹിമാലയത്തിന്‍റെ അഗാധ ഗര്‍ത്തത്തിലൂടെ ഞെരുങ്ങി, വളഞ്ഞു പുളഞ്ഞു ഒഴുകുകയാണവള്‍.


‘ഡോഡ’യില്‍ അവള്‍ വഴി നിരപ്പെത്തിയതും ‘പ്രേം നഗറില്‍’ തുള്ളിയോടുന്ന അശ്വക്കൂട്ടങ്ങളെപ്പോലെ വലിയ ഉരുളന്‍ കല്ലുകളില്‍ തട്ടിച്ചിതറിയൊഴുകുന്നതും ശ്രദ്ധിക്കാതെ ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ച് ആ യാത്ര അവസാനിക്കുന്ന നിമിഷവും കാത്തു തളര്‍ന്നു കിടന്നു. ഇനി ഓരോ തവണയും നാട്ടില്‍ പോകുമ്പോള്‍ ഈ യാതന അനുഭവിക്കേണ്ടിവരുമല്ലോ എന്നോര്‍ത്ത് എന്റെ കണ്‍കളില്‍ നീര്‍ പൊടിഞ്ഞു. സന്ധ്യക്ക് ക്വാര്‍ട്ടെഴ്സില്‍ എത്തിയ ഞാന്‍ നിരാശയായി കിടന്നുറങ്ങി. 


പിറ്റേന്ന് രാവിലെ ബാല്‍ക്കണിയില്‍ ചെന്നു നിന്നപ്പോഴാണ് ഞാന്‍ പരിസരം ശ്രദ്ധിക്കുന്നത്. ചുറ്റും കോട്ട പോലെ മേഘങ്ങള്‍ക്കും മുകളിലേക്ക് ഉയര്‍ന്ന് ഹിമാലയ മലനിരകള്‍. അവയില്‍ പതിക്കുന്ന സൂര്യ കിരണങ്ങള്‍ക്കും ഉണ്ട് എന്തെന്നില്ലാത്ത ശോഭ. ഒരു മലയില്‍ നല്ല വെയിലെങ്കില്‍ മറ്റൊന്നില്‍ തണല്‍, അടുത്തതില്‍ പാതി വെയിലും തണലും. മനോഹരമായ ഒരു കാഴ്ച തന്നെയായിരുന്നു അത്. ഈ അത്ഭുത കാഴ്ച കണ്ടു വീടിന്റെ പുറത്തേക്കിറങ്ങിയ ഞാന്‍ പിന്നാംപുറത്തെ മരത്തില്‍ മച്ചിങ്ങ വലിപ്പത്തില്‍ക്കണ്ട ഇളം പച്ച കായ്കളെ തൊട്ടു നോക്കി. അതെ അത് തന്നെ. ആപ്പിളുകള്‍. വളര്‍ന്നു വരുന്നതേയുള്ളൂ.
അത്ഭുതം കൊണ്ടു ചുറ്റും നോക്കിയപ്പോള്‍ മുറ്റമാകെ പടര്‍ന്നു കിടക്കുന്ന സ്ട്രോബെറി ചെടികള്‍ക്കിടെ ചുവന്നു തുടുത്ത പഴങ്ങള്‍. പറമ്പിന്റെ മൂലയില്‍ നില്‍ക്കുന്ന ആപ്രിക്കോട്ട് മരത്തില്‍ കണ്ടിട്ടില്ലാത്ത തരം പക്ഷികള്‍ കല പില കൂട്ടുന്നു. ഓരോ പുല്‍പ്പടര്‍പ്പും പൂത്തുലഞ്ഞു നില്‍ക്കയാണ്. പൂക്കളില്ലാത്ത ഒരിടവും ഇല്ല. വേലിപ്പടര്‍പ്പുകളിലെ റോസാപ്പൂക്കള്‍ കണ്ടാല്‍ പൂക്കള്‍ കൊണ്ടാണോ വേലി തീര്‍ത്തിരിക്കുന്നതെന്നു തോന്നും.
 (ഒരു സാധാരണ വസന്തകാല കാഴ്ച. വേലി പടർപ്പിലെ കാട്ടുറോസാപ്പൂക്കൾ)

എന്റെ കണ്ണ് മിഴിഞ്ഞു. ഇങ്ങനെയും ഒരു ലോകമോ...? ലോകത്തിലെ സൌന്ദര്യക്കൂട്ടുകള്‍ എല്ലാം ഒരുമിച്ചു ചാലിച്ച് ഈ സുന്ദര സ്ഥലത്തേക്ക് ഒഴിച്ചിരിക്കുന്നോ...? ഇങ്ങോട്ടുള്ള ദുര്‍ഘട യാത്രയെ ആ നിമിഷം ഞാന്‍ മറന്നു. ആ വേനലിലും എനിക്ക് ചെറുതായി കുളിരുന്നുണ്ടായിരുന്നു.

വഴിയിലെ ചൂളം വിളി ശബ്ദം കേട്ട ഞാന്‍ ഗെയിറ്റിനരുകില്‍ ചെന്ന് നോക്കി. വലിയൊരു കൂട്ടം ആട്ടിന്‍ പറ്റത്തെയും തെളിച്ചു കൊണ്ടു റോഡിലൂടെ ഒരു സംഘം. ആട്ടിന്‍ കൂട്ടത്തില്‍ ചെമ്മരിയാടുകളും കോലാടുകളും. ചെമ്മരിയാടുകള്‍ അനുസരണയോടെ നടന്നു നീങ്ങുമ്പോള്‍ അനുസരണ കെട്ട കോലാടുകളെ ഇടയന്മാര്‍ ചൂളം കുത്തി വിളിച്ചു കൂടെ നടത്തുന്നു. അവര്‍ “ബെക്കര്‍ വാളുകളാണ്” സാക്ഷി എനിക്ക് വിവരിച്ചു തന്നു. ഓരോ സംഘത്തിലും അവരുടെ കുടുംബവും അഞ്ഞൂറിനടുത്ത ആടുകളും കാവല്‍ നായ്ക്കളും വീട്ടു സാധനങ്ങള്‍ ചുമക്കുന്ന കോവര്‍ കഴുതകളും കാണും. വേനല്‍ക്കാലമായാല്‍ അവര്‍ തങ്ങളുടെ ആട്ടിന്‍ പറ്റത്തെത്തെളിച്ചു മല കയറുകയായി. ഉയരെ മലമുകളില്‍ മഞ്ഞു വീഴുന്നത് വരെ ആടുകളുമായി അവിടെ തമ്പടിക്കും. മല മുകളില്‍ല്‍ മഞ്ഞു വീണു തുടങ്ങുമ്പോള്‍ അവര്‍ താഴെക്കിറങ്ങും. കൂടെ അവര്‍ മല മുകളില്‍ നിന്ന് ശേഖരിച്ച കന്മദവും അപൂര്‍വ ഔഷധ സസ്യങ്ങളും കാണും. നൂറു കണക്കിന് സംഘങ്ങളാണ് എല്ലാ വര്‍ഷവും ഇങ്ങനെ ഹിമാലയം കയറുന്നത്. ജീവിത കാലം മുഴുവനും ഇങ്ങനെ മല കയറ്റവും ഇറക്കവുമായി കഴിയുന്ന ഒരു ജനത!!! അവരുടെ ലോകം ഈ ആട്ടിന്‍ പറ്റവും ഹിമാലയവും മാത്രം. ചുറ്റുമുള്ള ലോകം, ഝടുതില്‍ അതിന് സംഭവിക്കുന്ന മാറ്റങ്ങള്‍, അതിന്റെ വര്‍ണ്ണാഭ ഒന്നും അവര്‍ അറിയുന്നില്ലേ...?
 (മഞ്ഞിന്റെ മേൽക്കൂരയിട്ട  ഞങ്ങളുടെ ക്വർട്ടേഴ്‌സ്-ഒരു മഞ്ഞുകാലം)  

അങ്ങനെ അവിടത്തെ ഓരോ പ്രഭാതവും എനിക്ക് പുതുമയായി. ഹിമാലയത്തില്‍ ഉദിച്ചു ഹിമാലയത്തില്‍ അസ്തമിക്കുന്ന സൂര്യന്‍. വേനലൊഴികെയുള്ള ഋതുക്കള്‍ അതിന്റെ എല്ലാ തീവ്രതയോടും സൌന്ദര്യത്തോടും കൂടെ അവിടെ കണ്‍ തുറന്നു. കുങ്കുമപ്പൂ വിളയുന്ന വയലുകളുള്ള മനോഹരമായ ഭൂമി....ഇന്ദ്ര നീലത്തിന്റെ ഖനികളുള്ള അത്ഭുത ലോകം.....പ്രകൃതി പോലെ തന്നെ സൌന്ദര്യമുള്ള മനുഷ്യരുടെ നാട്. അതെ. ഇത് തന്നെയാണ് സ്വര്‍ഗം. ആ സ്വര്‍ഗത്തെ ഞാന്‍ സ്നേഹിച്ചു തുടങ്ങി. 


(കിസ്തവാര്‍ഡിലെ ശിശിര കാഴ്ചകള്‍)
 
എത്രയെത്ര മറക്കാനാവാത്ത മുഖങ്ങള്‍. മനസ്സിനെ സന്തോഷിപ്പിക്കുകയും ദു:ഖിപ്പിക്കുകയും ചെയ്തവര്‍. അന്യ നാട്ടുകാരോട് സ്നേഹാദരവോടെ മാത്രം പെരുമാറുന്ന കാശ്മീരി ജനത. ഏതാനും മനുഷ്യര്‍ ചെയ്യുന്ന ദ്രോഹത്തിനു രാജ്യ ദ്രോഹികളായി മുദ്ര കുത്തപ്പെട്ട പാവം ജനങ്ങള്‍. പാലുകാരന്‍ കുട്ടി അമീന്‍, വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള വഴിയിലെ കുതിരക്കാരന്‍ രാകേഷ്‌ കുമാര്‍ എന്ന കൌമാരക്കാരന്‍, വീട്ടില്‍ നിന്നും രക്ഷപ്പെട്ടോടിയ റുബീന, മനുഷ്യസ്നേഹിയായ ഷാ, ദുള്‍ ഗ്രാമത്തിനുള്ളില്‍ കണ്ട പേരറിയാത്ത വൃദ്ധന്‍, അങ്ങനെ എത്രയെത്ര പേര്‍...
(തുടരും)

22 comments:

  1. കാഷ്മീരികലുടെ ജീവിതം ഇതള്‍ വിരിയുന്നത് കാണാന്‍ കാത്തിരിക്കുന്നു

    ReplyDelete
  2. തുടക്കം നന്നായിരിക്കുന്നു...
    കുളിരോര്‍മ്മകള്‍ അനുവാചകരിലേയ്ക്ക് കുളിരായ് പെയ്യട്ടെ!
    ആശംസകള്‍

    ReplyDelete
  3. മുകളിൽ സാർ പറഞ്ഞിരിക്കുന്നപോലെ തുടക്കം നന്നായിരിക്കുന്നു. ആ ഓർമ്മകൾ..... ഇനിയും എഴുതുന്നുണ്ടല്ലോ വായിക്കാനായി വരാം. റോസാപ്പൂവിന് ആശംസകൾ.

    ReplyDelete
  4. മനോഹരം!. കണ്ടതു പോലെ. അടുത്ത ഭാഗം വരട്ടെ!

    ReplyDelete
  5. Vayanashalayil ulla arangilum onnu parijayapedan pattumo anike vayanashalayea kurichu padikkanane pleas condact or whatsapp 00971557341567

    ReplyDelete
  6. അതിമനോഹരം അടുത്തതിന് കാത്തിരിക്കുന്നു

    ReplyDelete
  7. ജിദ്ദയിലെ 48° ചൂടിൽ ഇരുന്ന് ഇത് വായിച്ചപ്പോൾ മനസ്സൊന്ന് നന്നായി കുളിർത്തു... നല്ല രസമുള്ള അനുഭവക്കുറിപ്പ്, എഴുത്ത് തുടരുക ഭാവുകങ്ങൾ

    ReplyDelete
  8. ജിദ്ദയിലെ 48° ചൂടിൽ ഇരുന്ന് ഇത് വായിച്ചപ്പോൾ മനസ്സൊന്ന് നന്നായി കുളിർത്തു... നല്ല രസമുള്ള അനുഭവക്കുറിപ്പ്, എഴുത്ത് തുടരുക ഭാവുകങ്ങൾ

    ReplyDelete
  9. മനസ്സിലാകെ കുളിര്,,, നല്ലൊരു ബ്ലോഗ് വായിച്ചപ്പോൾ സന്തോഷം പതഞ്ഞുപൊങ്ങുകയാണ്. റോസാപൂവെ തുടരുക,,,

    ReplyDelete
  10. ഇപ്പോഴും കാശ്മീരില്‍ നിന്ന് തിരിച്ചെത്തിയില്ല,...വായനാനുഭവം നന്നാക്കിയ എഴുത്തിനു ആശംസകള്‍.

    ReplyDelete
  11. ഹൃദ്യമായ വിവരണം..കൌതുകകരമായ കാഴ്ച്ചകള്‍

    ReplyDelete
  12. ആദ്യഭാഗം നന്നായിരിക്കുന്നു. കൂടുതല്‍ കാശ്മീരികളുടെ ജീവിതങ്ങള്‍ അടുത്ത ഭാഗങ്ങളില്‍ കാണാലോ അല്ലെ.

    ReplyDelete
  13. സ്വയം അനുഭവിച്ച അനുഭൂതി പകർന്നു കിട്ടിയ എഴുത്ത്. ഇനിയും കാത്തിരിക്കുന്നു.

    ReplyDelete
  14. ഗംഭീരമെന്ന് പറഞ്ഞാൽ പോരാ,അതിഗംഭീരമായിട്ടുണ്ട്‌ ചേച്ചീ.ഒരോ വാക്കിലും തണുപ്പും ,കാഷ്മീരിന്റെ ഭംഗിയും മറഞ്ഞിരിയ്ക്കുന്നു.ഈ മഴയത്തിത്‌ വായിക്കുമ്പോൾ നല്ല രസം.
    അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു.

    ReplyDelete
  15. കുളിരുകോരുന്ന വർണ്ണനയോടെ കാഷ്മീരി
    ജീവിതതിന്റെ മനോഹാരിതകൾ വരച്ചിട്ടിരിക്കുന്നു
    കുറച്ച് പടങ്ങളും കൂടി ചേർക്കാമായിരുന്നു കേട്ടോ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....

    ReplyDelete
    Replies
    1. ഓർമ്മിപ്പിച്ചത് നന്നായി. കൂടുതൽ ചിത്രങ്ങൾ ചേർത്തിട്ടുണ്ട്.

      Delete
  16. അങ്ങനെ ഞാനും ആ വഴിയൊക്കെ കറങ്ങി കുളിർന്നു.


    ReplyDelete
  17. പ്രകൃതി ഒരു സുന്ദരി തന്നെ.ആദ്യചിത്രം തന്നെ മനസ്സിനെ തൊട്ടുണര്‍ത്തി. ആശംസകള്‍

    ReplyDelete
  18. കശ്‍മീരിന്റെ ഭംഗി വാക്കുകൾക്കതീതം തന്നെ....

    ReplyDelete
  19. ചില സമയങ്ങളിൽ ചിത്രങ്ങളെക്കാൾ മനോഹരമായി പറഞ്ഞു ഫലിപ്പിക്കാൻ കഴിയുന്ന മനോഹര ദൃശ്യങ്ങളുണ്ട്.വാക്കുകളിൽ തന്നെ വായിച്ചെടുക്കാൻ കഴിഞ്ഞു. കൂട്ടത്തിൽ ചിത്രങ്ങൾ മാറ്റ് കൂട്ടി എന്ന് പറയാതെ വയ്യ...ആശംസകൾ

    ReplyDelete
  20. ചില സമയങ്ങളിൽ ചിത്രങ്ങളെക്കാൾ മനോഹരമായി പറഞ്ഞു ഫലിപ്പിക്കാൻ കഴിയുന്ന മനോഹര ദൃശ്യങ്ങളുണ്ട്.വാക്കുകളിൽ തന്നെ വായിച്ചെടുക്കാൻ കഴിഞ്ഞു. കൂട്ടത്തിൽ ചിത്രങ്ങൾ മാറ്റ് കൂട്ടി എന്ന് പറയാതെ വയ്യ...ആശംസകൾ

    ReplyDelete

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍